Articles Cover Story Details

മറ്റെല്ലാം മറന്ന് രാജ്യത്തിനുവേണ്ടി അണിനിരക്കുക

Author : പിണറായി വിജയൻ (മുഖ്യമന്ത്രി)

calender 31-05-2025

നമ്മുടെ രാജ്യം പ്രത്യേക സാഹചര്യം നേരിടുന്ന ഒരു ഘട്ടമാണിത്. അത് നമ്മുടെ രാജ്യത്തിനുനേരെ നടന്ന ഭീകരാക്രമണത്തിൻ്റെ ഫലമായി ഉണ്ടായതാണ്. നിർഭാഗ്യരായ നമ്മുടെ സഹോദരങ്ങൾ കൊലചെയ്യപ്പെടാനിടയായ ഭീകരാക്രമണം. ആ ഭീകരാക്രമണത്തെ രാജ്യം ഒറ്റക്കെട്ടായാണ് അപലപിച്ചത്. ആ ഭീകരവാദികളെ ശക്തമായി നേരിടണമെന്ന അഭിപ്രായവും രാജ്യത്ത് ഒറ്റക്കെട്ടായിത്തന്നെ ഉയർന്നുവന്നു.

ഇപ്പോൾ, ആ ഭീകരവാദികൾക്ക് പിന്തുണ കൊടുത്തുകൊണ്ട് നമ്മുടെ അയൽരാഷ്ട്രമായ പാകിസ്ഥാൻ പ്രവർത്തിക്കുന്നു എന്ന സാഹചര്യം ഉണ്ടായിരിക്കുന്നു. നമുക്ക് തുടരെത്തുടരെ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ വേണ്ടി അവർ ശ്രമിക്കുന്നു. ഇതൊരു പുതിയ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ഈ ഘട്ടത്തിൽ മറ്റെല്ലാ ഭേദചിന്തകളും മറന്ന് ഇന്ത്യക്കാർ എന്ന നിലയ്ക്ക് ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും ഭദ്രതയും സംരക്ഷിക്കുന്നതിനായി നാം അണിനിരക്കേണ്ട ഘട്ടമാണ്. മറ്റെല്ലാം മറന്നുകൊണ്ട് രാജ്യത്തിനുവേണ്ടി അണിനിരക്കുക എന്നതാണ് ഈ ഘട്ടത്തിൽ ചെയ്യാനുള്ളത്. അതിൻ്റെ ഭാഗമായി ഇത്തരമൊരു സാഹചര്യത്തിൽ അയവുവരുന്ന മട്ടല്ല കാണുന്നത്. കുറച്ചുകൂടി മുറുകിവരുന്ന ഒരു ഘട്ടമായിട്ട് തോന്നുന്നു. അങ്ങനെയൊരു ഘട്ടത്തിൽ നമ്മൾ ഈ നാലാം വാർഷികാഘോഷ പരിപാടികൾ നടത്തുന്നത് ഔചിത്യപൂർണമാണോ എന്നൊരാലോചന ഇന്നുച്ചക്ക് ചേർന്ന മന്ത്രിസഭായോഗം നട ത്തുകയുണ്ടായി. അപ്പോൾ ഞങ്ങളതിൽ കണ്ടത് ഈ ഘട്ടത്തിൽ നമുക്ക് തുടരേണ്ടതില്ല എന്നാണ്. പക്ഷേ, ഇന്ന് ഉച്ചക്കെടുത്ത തീരുമാനം അപ്പോൾ പറഞ്ഞാൽ നിങ്ങളെല്ലാവരും പ്രയാസത്തിലാകുമെന്നുള്ളതു കൊണ്ടാണ് ആ ഘട്ടത്തിൽ പറയാതിരുന്നത്. ഇന്നിവിടെവച്ച് പറയാം എന്നാണ് കണക്കാക്കിയത്.

ഇതിനുശേഷം ഇനി ആറ് ജില്ലകളിലെ പരിപാടിയുണ്ട്. അത് തൽക്കാലം മാറ്റിവയ്ക്കുകയാണ്. മറ്റൊരു ഘട്ടത്തിലേക്ക് മാറ്റിവയ്ക്കുകയാണ്. ഇപ്പോൾ ആരംഭം കുറിച്ചിട്ടുള്ള എക്സിബിഷ നുകളുണ്ട്. ആ എക്‌സിബിഷനുകളിലെ കലാപരിപാടികളൊന്നും നടക്കില്ല. എക്‌സിബിഷൻ വിവരം കൈമാറുന്ന ഒരു സ്ഥലമെന്ന നിലയ്ക്ക് നടക്കട്ടെയെന്ന് വയ്ക്കും. കലാപരിപാടികളും മറ്റും നമ്മൾ നിർത്തിവയ്ക്കും. അതേപോലെതന്നെ രാവിലത്തെ പ്രഭാതയോഗം ഇനി ആറ് ജില്ലകളിൽ നടത്തില്ല, അത് നിർത്തിവയ്ക്കുകയാണ്. അതിന്റെ കൂടെത്തന്നെ, ഇത് എൽഡിഎഫ് റാലിയാണ്. അപ്പോൾ എൽഡിഎഫിൻ്റെ വകയാണ് തീരുമാനം പ്രഖ്യാപിക്കേണ്ടത്. അത് എൽഡിഎഫ് കൺവീനർ സ്വാഭാവികമായും പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല. സ്വാഭാവികമായും എൽഡിഎഫിൻ്റെ പ്രഖ്യാപനം വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും ഇനിയുള്ള ആറ് ജില്ലകളിലെ പരിപാടി മറ്റൊരു ഘട്ടത്തിലേക്ക് മാറ്റിവയ്ക്കുകയാണ്.

(അതിർത്തിയിലെ സംഘർഷം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷപരിപാടികൾ ഇടയ്ക്ക് വച്ചു നിർത്തിവയ്ക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗം)

Share